കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അന്വേഷണ സംഘത്തിന് രേഖപ്പെടുത്താനായില്ല. ഇന്നലെ മൊഴി എടുക്കാനായിരുന്നു തീരുമാനം. അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ നിന്നടക്കം ലഭിച്ച മെഡിക്കൽ രേഖകളുടെ വിശകലനം പൂർത്തിയാകാത്തതിനാലാണ് മൊഴിയെടുപ്പ് മാറ്റിയത്. പോസ്റ്റ്‌മോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജ് സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ഇന്ന് മൊഴിയെടുത്തേക്കും.
തുടർന്ന് അനന്യയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് കളമശേരി എസ്.എച്ച്.ഒ പി.ആർ. സന്തോഷ് പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ചിലയിടങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.