മൂവാറ്റുപുഴ: സംസ്ഥാനത്ത് വ്യാപകമാകുന്ന സിക്കാ രോഗവ്യാപനം തടയുന്നതിന് മൂവാറ്റുപുഴ നഗരസഭയിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കും. നഗരസഭ ചെയർമാൻ പി.പി.എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് രൂപരേഖയായി. വിവിധ വകുപ്പ് മേധാവികളും വൈസ് ചെയർപഴ്സൺ സിനി ബിജു, നഗരസഭ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയൻ എന്നിവർ പങ്കെടുത്തു. സിക്കാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ട്രൈ ഡേ ആചരിക്കും. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പരിസരം വൃത്തിയാക്കുന്നതിനൊപ്പം കൊതുക് നശീകരണത്തിനും നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിലും പൊതുസ്ഥലങ്ങളിലും ഫോഗിംഗ്, മരുന്നു തളിക്കൽ എന്നിവ നടപ്പാക്കും. റെസിഡൻസ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ, ലയൺസ്, റോട്ടറി, വൈസ് മെൻ ക്ലബ്ബുകൾ, അങ്കണവാടി അദ്ധ്യാപകർ, ആശാവർക്കർമാർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം സംഘടിപ്പിക്കുക. മികച്ച നിലയിൽ പരിപാലിക്കുന്ന സർക്കാർ ഓഫീസിന് നഗരസഭ അവാർഡ് നൽകും .ബോധവത്കരണത്തിന് ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണവും ലഘുലേഖ വിതരണവും നടത്തുമെന്നും ചെയർമാൻ അറിയിച്ചു.