karthik
റൂറൽ എസ്.പി കെ.കാർത്തിക് മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധന നടത്തുന്നു

ഒപ്പം താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിക്കായി തെരച്ചിൽ

കോലഞ്ചേരി: പൂതൃക്കയ്‌ക്കടുത്ത് പുളിഞ്ചോട്കുരിശിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണൽക്കൂനയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇവിടെ പ്രവർത്തിക്കുന്ന ഇന്റർലോക്ക് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലെ ജീവനക്കാരൻ അസാം സ്വദേശി രാജാദാസാണ് (26) കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസിനെ(26) സംഭവത്തിനു ശേഷം കാൺമാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ ജോലിക്കെത്തിയ സ്ത്രീത്തൊഴിലാളികളാണ് യൂണി​റ്റിനടുത്ത് രക്തക്കറ കണ്ടത്. തുടർന്ന് ഉടമ ഡോ. എൽദോയും ജോലിക്കാരും നടത്തിയ പരിശോധനയിൽ തൊട്ടടുത്ത് നിർമ്മാണ പ്രവർത്തനത്തിനായി കൂട്ടിയിട്ടിരുന്ന മണലിനുള്ളിൽ മൃതദേഹം കണ്ടെത്തി. പായയിൽ പൊതിഞ്ഞ് രണ്ട് ചണച്ചാക്കുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. മുറിയുടെ വാതിൽപടി മുതൽ മണൽക്കൂന വരെ രക്തക്കറയുണ്ടായിരുന്നു.

മൃതദേഹത്തിൽ കഴുത്തിന് മുകളിലായി വലതു ചെവിയോടു ചേർന്ന് മൂർച്ചയേറിയ കോടാലി പോലുള്ള ആയുധമുപയോഗിച്ച് വെട്ടിയ ആഴത്തിലുള്ള മുറിവുകളുണ്ട്. ഉറക്കത്തിലാകാം കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ദീപൻ കുമാർ ദാസും രാജയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. മുറിയുടെ ഭിത്തിയോടു ചേർന്ന് കട്ടകൾ അടുക്കി കട്ടിൽ പോലെയാക്കിയ സ്ഥലത്താണ് രാജാദാസ് ഉറങ്ങാറുള്ളത്. ഇതിന്റെ തലഭാഗം വരുന്ന ഭാഗത്ത് ചീ​റ്റിത്തെറിച്ച രക്തം ഭിത്തിയിൽ അഞ്ചടിയോളം ഉയരത്തിലുണ്ട് . ഇതാണ് ഉറങ്ങിക്കിടന്ന സമയത്താണ് കൊലപാതകമെന്ന നിഗമനത്തിന് കാരണം.

പുത്തൻകുരിശ് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെ പരിശോധന നടത്തി. റൂറൽ എസ്.പി കെ. കാർത്തിക്കും എത്തിയിരുന്നു. പുത്തൻകുരിശ് ഡിവൈ.എസ്.പി എ. അജയ് നാഥ് , സി.ഐ മഞ്ജുനാഥ്, രാമമംഗലം സി.ഐ സൈജു കെ.പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.