പിറവം: രാമമംഗലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അങ്കണൻവാടിക്ക് സുമനസുകൾ സൗജന്യമായി സ്ഥലം നൽകി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണൻവാടിക്ക് സ്വന്തമായൊരു കെട്ടിടം നിർമിക്കുക എന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. സി.പി.എം കടവ് ബ്രാഞ്ച് സെക്രട്ടറിയും പൊതു പ്രവർത്തകനുമായ തുരുത്തേൽ ടി. കെ. തോമസും പുത്തൻ മണ്ണത്ത് ജയിംസ് ജോസഫും ചേർന്നാണ് മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. വനിത ശിശുക്ഷേമ വകുപ്പ് സി.ഡി.പി.ഒ.എച്. നദീറക്ക് ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബ് സ്ഥലത്തിന്റെ രേഖകൾ കൈമാറി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സി.എൻ.അയ്യപ്പന്റെ (അപ്പു) സ്മരണ നിലനിർത്തുന്നതിലേക്കായാണ് ഇവർ സ്ഥലം നൽകിയത്. ടി.കെ.തോമസ്, ജയിംസ് ജോസഫ്, എൽ. സി. സെക്രട്ടറി സുമിത് സുരേന്ദ്രൻ, പഞ്ചായത്ത് അംഗം ജിജോ ഏലിയാസ്, മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി മോൻസി എബ്രഹാം, ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആശാ പോൾ എന്നിവർ പങ്കെടുത്തു.