വൈപ്പിൻ: പഞ്ചായത്ത് തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് ടെസ്റ്റുകളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കാര്യമായി കുറച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ഞാറക്കൽ പൊലീസ് ഇൻസ്‌പെക്ടർ മുന്നറിയിപ്പ് നൽകി. എടവനക്കാട് സി കാറ്റഗറിയിയിലേക്കും എളങ്കുന്നപ്പുഴ ഡിയിലേക്കും മാറും. ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകൾ നിലവിൽ ഡിയിലാണ്. ടെസ്റ്റുകളിൽ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിൽ പഞ്ചായത്തുകൾ ജാഗ്രത കാണിക്കുന്നില്ല. ഡിയിലേക്ക് മാറുന്ന പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം കൊണ്ടുവരേണ്ടി വരും. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇടറോഡുകൾ പോലും കെട്ടിയടക്കേണ്ടി വരും. കാര്യങ്ങൾ അലംഭാവത്തോടെ കണ്ടാൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം. വൈപ്പിൻകരയിൽ നിലവിലെ കൊവിഡ് ബാധിതർ 1463 ആണ്. പള്ളിപ്പുറം 384, എളങ്കുന്നപ്പുഴ 359, നായരമ്പലം 263, ഞാറക്കൽ 212, എടവനക്കാട്127, കുഴുപ്പിള്ളി 118 എന്നിങ്ങനെയാണ് കണക്ക്.