പറവൂർ: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ കോട്ടുവള്ളി പഴങ്ങാട്ടുവെളി സ്വദേശി ശ്രീനിവാസനെ പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കൈതാരം, തോന്ന്യകാവ് പ്രദേശങ്ങളിൽ മോഷണശ്രമം നടത്തുന്നതായാണ് ഇയാൾ ശബ്ദസന്ദേശമയച്ചത്. വാതിലിൽ തട്ടുന്ന ശബ്ദമോ പൈപ്പ് തുറന്നിടുന്ന ശബ്ദമോ കേട്ടാൽ ആരും പുറത്തിറങ്ങരുതെന്നും ആക്രമണത്തിനിരയാകുമെന്നും ഇയാൾ പറയുന്നുണ്ട്. പൊലീസിനെ വിവരം അറിയിച്ചപ്പോൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞതായും വ്യാപകമായി പ്രചരിച്ച സന്ദേശത്തിലുണ്ട്. സന്ദേശം കേട്ട് ഭയചകിതരായ നിരവധി പേർ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജസന്ദേശമാണെന്ന് വ്യക്തമായത്. പ്രതിയെ ജാമ്യത്തിൽ വിട്ടു.