മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായ മുളവൂർ പൊന്നിരിക്കപ്പറമ്പിന് സമീപത്തെ കനാൽ ജംഗ്ഷനിൽ സുരക്ഷാ മിറർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരിയാർവാലി കനാൽ ബണ്ട് റോഡിൽ നിന്ന് പുതുപ്പാടി-ഇരുമലപ്പടി റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. റോഡുകൾ തമ്മിൽ കൂടിച്ചേരുന്ന സ്ഥലത്ത് പുതുപ്പാടി-ഇരുമലപ്പടി റോഡിൽ കുത്തനെയുള്ള ഇറക്കമായതിനാൽ വാഹനങ്ങൾ എല്ലാം അമിത വേഗതയിലാണ് ഇതിലൂടെ കടന്ന് പോകുന്നത്. കനാൽ ബണ്ട് റോഡിന് സമീപത്തെ അക്വഡൈറ്റും മാലിന്യ കൂമ്പാരവും മൂലം ഇരു റോഡിൽ നിന്ന് കടന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്തതാണ് ഇവിടെ അപകടത്തിന് പ്രധാന കാരണം. സൈക്കിൾ യാത്രക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, മറ്റുവാഹനങ്ങൾ എന്നിവ തമ്മിൽ കൂട്ടിയിടിച്ച് ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിവസവും ഇവിടെ ഉണ്ടാകുന്നത്. ഇവിടെ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ വെളിച്ച് കുറവുമൂലവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കനാൽ ബണ്ട് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ കാണുന്നതിന് സുരക്ഷ മിറർ സ്ഥാപിച്ചാൽ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
സുരക്ഷാ മിറർ സ്ഥാപിച്ച് ഇവിടത്തെ അപകടങ്ങൾക്ക് അറുതിവരുത്താൻ ജനപ്രതിനിധികൾ അടക്കമുള്ളവർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ഒ.പി. കുര്യാക്കോസ്, പ്രസിഡന്റ് ,വിജ്ഞാന പോഷിണി ഗ്രന്ഥശാല