ponnappan-house
വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ് മൂത്തേടം കവലയിൽ പൊന്നപ്പനും ഭാര്യ അല്ലി താമസിക്കുന്ന വീട് മഴയത്ത് തകർന്ന നിലയിൽ

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ് മൂത്തേടം കവലയിൽ താമസിക്കുന്ന നടുകുടി പൊന്നപ്പന്റെ വീട് കനത്ത മഴയിൽ നിലം പൊത്തി. 85 വയസായ പൊന്നപ്പനും 80 വയസായ ഭാര്യ അല്ലിയും കഴിഞ്ഞ 50 വർഷമായി താമസിക്കുന്നത് ഈ വീട്ടിലാണ്.

മണ്ണുകൊണ്ട് നിർമിച്ച വീട് തകർന്നു വീഴുന്ന ശബ്ദം കേട്ട് കുടുംബം പുറത്തേക്ക് ഓടി ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വർഷങ്ങളായി പൊന്നപ്പൻ പട്ടയത്തിനായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പട്ടയം കിട്ടിയില്ല. പട്ടയം ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളോ, പഞ്ചായത്തിൽ നിന്ന് വീടോ ലഭിച്ചിട്ടില്ല. ചികിത്സക്കും, ഭക്ഷണാവശ്യത്തിനും ഈ വൃദ്ധ ദമ്പതികൾ ബുദ്ധിമുട്ടുകയാണ്.

പട്ടയം കൊടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവമാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥക്ക് കാരണമെന്നും വൃദ്ധദമ്പതികളെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉടനടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഭൂസമര സമിതി ജില്ലാ കമ്മിറ്റി അംഗം തോമസ് കെ. ജോർജ് റവന്യൂ മന്ത്രിക്ക് പരാതി നൽകി.