കൊച്ചി: തന്ത്രപ്രധാനമായ കൊച്ചി കപ്പൽശാലയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി ഒന്നര വർഷത്തോളം തൊഴിലെടുത്ത സംഭവത്തിൽ അറസ്റ്രിലായ അഫ്ഗാൻ പൗരൻ ഈദ്ഗുലിനെ (അബ്ബാസ് ഖാൻ -22) എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇയാളെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കപ്പൽശാലയിൽ എത്തിച്ച് തെളിവെടുത്തേക്കും. ഈദ്ഗുൽ കേരളത്തിൽ എത്തുന്നത് മുമ്പ് എവിടെയായിരുന്നു, പാകിസ്ഥാൻ സന്ദർശിച്ചിരുന്നോ, നിരോധിത ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

കൊൽക്കത്തയിൽ നിന്ന് പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് അത്തരം ബന്ധമില്ലെന്നും മികച്ച വരുമാനം തേടി എത്തിയതാണെന്നുമാണ് ഇയാൾ അറിയിച്ചത്. കൊച്ചി കപ്പൽശാലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ എന്തെങ്കിലും ചോർത്തിയോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈദ്ഗുലിന്റെ ഫോണടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിക്കാൻ വ്യാജ രേഖയുണ്ടാക്കിയതാരാണ്, ജോലി തരപ്പെടുത്തി നൽകിയത് ആരാണ് എന്നീ കാര്യങ്ങൾ ചോദിച്ചറിയും.

എട്ട് ദിവസം കസ്റ്റഡിയിലുള്ളതിനാൽ തന്നെ ഈദ്ഗുലിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്. ഇതിന് ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഏജൻസികൾ തീരുമാനമെടുക്കുക. നിലവിൽ പൊലീസിൽ നിന്ന് കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഏജൻസികൾ പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ നിർമാണം പരോഗമിക്കുന്നതിനിടെയാണ് ഈദ്ഗുൽ വ്യാജ രേഖകൾ നൽകി മാസങ്ങളോളം കപ്പൽശാലയിൽ ജോലി ചെയ്തത്. വ്യാജ രേഖ ചമച്ചതിനും പാസ്‌പോർട്ട് ചട്ടം ലംഘിച്ചതിനുമാണ് നിലവിൽകേസ് എടുത്തിട്ടുള്ളത്.