കളമശേരി: വിരമിച്ച ഫാക്ട് ജീവനക്കാരുടെ തടഞ്ഞുവച്ച 1997 മുതൽ 2001 വരെയുള്ള ശമ്പളക്കുടിശിക വിതരണം ചെയ്യണമെന്ന് ബെന്നി ബഹനാൻ എം.പി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, സഹമന്ത്രി ഭഗവന്ത് ഗുബ തുടങ്ങിയവരെകണ്ട് ആവശ്യപ്പെട്ടു. എം. പിമാരായ ആന്റോ ആന്റണി, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ഈ സാമ്പത്തികവർഷം 352 കോടിയോളം രൂപ ലാഭം നേടിയ സാഹചര്യം ഉണ്ടായിട്ടും ശമ്പളക്കുടിശിക വിതരണം ചെയ്യാതിരുന്ന സാഹചര്യത്തിലാണ് മന്ത്രിയെ കണ്ടത്. ജീവനക്കാരുടെ ശമ്പളക്കുടിശിക വിതരണം ചെയ്യാമെന്ന് കമ്പനി അധികൃതർ തന്നെ കരാറിൽ സമ്മതിച്ചിട്ടുള്ളതാണ്. പ്രായാധിക്യത്താൽ വിവിധ രോഗങ്ങളാൽ വലയുന്ന ഇവരുടെ ശമ്പളക്കുടിശിക മാനുഷിക പരിഗണന നൽകി എത്രയുംവേഗം വിതരണം ചെയ്യുവാൻ ഫാക്ടിന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം മന്ത്രിയോടാവശ്യപ്പെട്ടു.
വിഷയം അതിപ്രാധാന്യത്തോടെ കാണുമെന്നും അടിയന്തര നടപടികൾ മന്ത്രാലയം ഉടൻ കൈക്കൊള്ളുമെന്നും മന്ത്രിമാർ എംപിമാരെ അറിയിച്ചു.