കൊച്ചി: നഗരത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന് ഇറിഗേഷൻ വകുപ്പ്. കനാലുകളുടെ യഥാർത്ഥവീതി തിരിച്ചുപിടിക്കാൻ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം. വിവിധ കനാലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ മാലിന്യം നീക്കി ശുചീകരിക്കണം. ഒപ്പം മാലിന്യങ്ങൾ കനാലിൽ തള്ളാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ യോഗത്തിൽ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ബാജിചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ളക്കെട്ട് നിവാരണത്തിന് തുടർനടപടികളുടെ ഭാഗമായി ഇറിഗേഷൻ വകുപ്പിലെ 45 ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടാണ് അവതരിപ്പിച്ചത്.

 വെള്ളക്കെട്ടിനുള്ള കാരണങ്ങൾ

കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ടിന് പ്രധാനകാരണം തേവര പേരണ്ടൂർ കനാലിൽ മാലിന്യമടിഞ്ഞ് വെള്ളം ചെലവന്നൂർ കായലിലേക്ക് ഒഴുകാത്തതാണ്. ആനംതുരുത്തി റോഡ് പാലം, യുവജനസമാജം റോഡ് പാലം, കടവന്ത്ര മാർക്കറ്റ്, കർഷകറോഡ് പാലം, സിറാജ് ഗോഡൗണിന് സമീപം, ബാനർജി റോഡ് തെക്ക് എന്നിവിടങ്ങളിലെല്ലാം മാലിന്യം കൂടിക്കിടക്കുന്നു. കേബിളുകളിൽ മാലിന്യം അടിഞ്ഞുകൂടി. കടവന്ത്ര മാർക്കറ്റിലെ അറവുമാലിന്യം തള്ളുന്നത് തോട്ടിലേക്കാണ്. ചെറിയ പാലങ്ങൾ പൊളിച്ചുയർത്തി പണിയാതെ ഒഴുക്ക് സുഗമമാകില്ല. ആയിരത്തിലേറെ കക്കൂസ് ഔട്ട്‌ലെറ്റുകളാണ് ടി.പി കനാലിലേക്ക് തുറന്നിട്ടിരിക്കുന്നത്. രാമേശ്വരം കനാലിൽ എണ്ണിയാൽ തീരാത്തത്ര പൈപ്പുകളുണ്ട്

 കനാലുകൾ ചുരുങ്ങി
കലൂർ സ്‌റ്റേഡിയത്തിന് മുന്നിലെ വെള്ളക്കെട്ടിന് കാരണം കാരണംകോടം കനാൽ കെ.എസ്.ഇ.ബി കലൂർ സബ്‌സ്‌റ്റേഷനിൽ 200 മീറ്ററോളം സ്ലാബിട്ട് മൂടിയതാണ്. ആറുമീറ്റർ വീതിയിൽ ഒഴുകിയിരുന്ന തോട് രണ്ടുമീറ്ററായി ചുരുങ്ങി. ഇടപ്പള്ളി തോട്ടിലേക്കും പേരണ്ടൂർ കനാലിലേക്കും വെള്ളം ഒഴുകിയിരുന്ന തോട് പലഭാഗത്തും റോഡായിമാറി.
എട്ടുമീറ്റർവരെ വീതിയുണ്ടായിരുന്ന മുല്ലശേരി കനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിലവിൽ ഒന്നര മീറ്ററായി ചുരുങ്ങി. പനമ്പിള്ളി നഗറിൽനിന്ന് വെള്ളം ഒഴുകിപ്പോകേണ്ട കോയിത്തറ കനാലിൽ മാലിന്യമടിഞ്ഞ് ഒഴുക്കുകുറഞ്ഞു. നിലവിൽ ടി.പി കനാലിലേക്കാണ് കൂടുതൽ വെള്ളവും ഒഴുകുന്നത്. ഷിപ്പ്‌യാർഡിന് പിന്നിൽ കായലിലേക്ക് ഒഴുകിയിരുന്ന ഡ്രെയിനേജ് മൂടിപ്പോയതോടെ രവിപുരത്ത് വെള്ളക്കെട്ട് രൂക്ഷമായി.

 പരിഹാരങ്ങൾ

ചിലവന്നൂർ കായലിലേക്ക് അമ്പനാട്ടുചിറയിലെ കണക്ഷൻ മാറ്റിയാൽ വേലിയേറ്റംകൊണ്ട് വെള്ളം ഇറങ്ങിപ്പോകാത്ത സാഹചര്യം ഒഴിവാക്കാനാകും. നിലവിൽ 20 മണിക്കൂറോളമാണ് വേലിയേറ്റം. ഇതുമൂലം കനാൽവെള്ളം ഇറങ്ങിപ്പോകാത്ത സാഹചര്യമുണ്ട്. പശ്ചിമകൊച്ചിയിൽ 30മീറ്റർ വീതിയുള്ള പണ്ടാരചിറ തോടിൽ കഴുത്തുമുട്ട് റോഡിൽ ഒന്നരമീറ്ററിന്റെ രണ്ട് കൽവർട്ടുകൾ പണിതതോടെ ഒഴുക്ക് നിലച്ചു. ഇത് പൊളിച്ച് കൂടുതൽ നീളവും വീതിയും വരുത്തണം. പള്ളിച്ചൽ തോട്ടിൽ മാർക്കറ്റിന് സമീപം കൽവെർട്ട് ഒഴുക്ക് തടസപ്പെടുത്തുന്നു. കൽവത്തി കനാൽ ഔട്ടറിൽ കോസ്റ്റ് ഗാർഡ് ഹാർബർ പണിയുന്നത് വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയാണ്.

 നോഡൽ ഓഫീസറെ നിയോഗിക്കണം

കൊച്ചിക്ക് മാസ്റ്റർ പ്ലാനില്ലാത്തതിനാൽ വ്യത്യസ്ത വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. റെയിൽവേ ഉൾപ്പെടെ എല്ലാ ഏജൻസികളെയും ഉൾപ്പെടുത്തി നോഡൽ ഓഫീസറെ നിയോഗിച്ച് വേണം നിർമ്മാണങ്ങൾ നടത്താനെന്നും അദ്ദേഹം പറഞ്ഞു.