കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി റഹിം പട്ടർകടവൻ ഉൾപ്പെടെ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വാക്സിനേഷനു വേണ്ടി കൊവിൻ പ്ളാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താനായി നൽകാമെന്നും ഇതിന് ഓപ്ഷനുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്. കൊവാക്സിന് രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിക്കാൻ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടാനായി സമർപ്പിച്ചിട്ടുണ്ടെന്നും കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.