കൊച്ചി: സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് അദ്ധ്യാപികയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടറെ സംസ്ഥാന വനിതാ കമ്മിഷൻ വിളിപ്പിച്ചു. 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകാനാണ് നിർദേശം.
അന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. യുവതിയുടെ പിതാവിനെ മർദിച്ച പരാതിയിൽ ആദ്യം പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട പൊലീസ്, ഗാർഹിക പീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നിസംഗത കാണിക്കുന്നുവെന്നാണ് ആക്ഷൻ കൗൺസിൽ ആരോപണം.
പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിയായ ജോർജിന്റെ മകൾ ഡയാനയാണ് പീഡനത്തിന് ഇരയായത്. ഭർത്താവ് പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരെ വെള്ളിയാഴ്ചയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.