കൊച്ചി: വാക്‌സിൻ വിതരണത്തിലെ അപാകതമൂലം രണ്ടാം ഡോസിന്റെ കാലാവധി കഴിഞ്ഞിട്ടും വാക്‌സിൻ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വാർഡ് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. നഗരത്തെ പൂർണമായും വാക്‌സിനേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സോണൽ ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി സോണൽ ഓഫീസുകൾക്ക് മുന്നിലായിരുന്നു സമരം. വി.കെ. മിനിമോൾ, എം.ജി. അരിസ്റ്റോട്ടിൽ, ഷൈല തദേവൂസ്, മിനി ദിലീപ്, ഷീബ ഡുറോം, കലിസ്റ്റ പ്രകാശൻ, അഭിലാഷ് തോപ്പിൽ, ജിജ ടെൻസൻ, രജനി മണി, ശാന്ത വിജയൻ, കെ.എം.മനാഫ്, ബാസ്റ്റിൻ ബാബു, എന്നിവർ സംസാരിച്ചു.