തൃക്കാക്കര: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ച് വിഷം കുത്തിവച്ചു കൊല്ലാനുള്ള വിഷക്കൂട്ട് നൽകിയത് നഗരസഭാ ഉദ്യോഗസ്ഥരെന്ന് പ്രതികൾ മൊഴിനൽകി. തമിഴ്നാട്ടിൽ നായ്ക്കളെ കൊല്ലുന്നവരാണ് ഈ ജോലിക്കായി എത്തിയത്. 5000 രൂപ അഡ്വാൻസ് നൽകിയതായും മൊഴിയിൽ പറയുന്നു.
ഇന്നലെ രാവിലെയാണ് കോഴിക്കോട് നിന്നും പ്രതികൾ ഇൻഫോപാർക്ക് സ്റ്റേഷനിൽ എത്തിയത്. പ്രധാന പ്രതി കോഴിക്കോട് മാറാട് സ്വദേശി എസ്.കെ നിവാസിൽ പ്രവീഷ്, കോഴിക്കോട് പുതിയറ കള്ളത്താങ്കടവ് വീട്ടിൽ രഘു,കോഴിക്കോട് തിരുവന്നൂർ കണ്ണാറിപ്പറമ്പ് വീട്ടിൽ രഞ്ജിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്.
വാഹനം ഓടിച്ച ഡ്രൈവർ മോറക്കാല സ്വദേശി ഷൈജൻ ജോസഫിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
ഹെൽത്ത് ഇൻസ്‌പെക്ടറുടെ
മൊഴി നിർണായകം
ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃക്കാക്കര നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും. കേസിൽ നിർണായകമായും ഇദ്ദേഹത്തിന്റെ മൊഴി. ക്വട്ടേഷൻ നൽകിയത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണെന്ന് പ്രതികളുടെ മൊഴിയുണ്ട്. നായ്ക്കളെ കൊല്ലാൻ ഉപയോഗിച്ച വിഷക്കൂട്ട് എന്താണെന്ന് കണ്ടെത്താൻ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കൗൺസിലർമാരെയും
ചോദ്യം ചെയ്യും
നായ്ക്കളെ കൊല്ലാൻ ക്വട്ടേഷനെടുത്ത മാറാട് സ്വദേശി പ്രബീഷിന്റെ കാൾ രേഖകൾ എറണാകുളം സൈബർഡോമിന്റെ പരിശോധിക്കുന്നുണ്ട്. ഇയാൾ ഉൾപ്പടെയുള്ള പ്രതികളുടെ ഫോണിലേക്ക് വിളിച്ച നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗൺസിലർമാരെയും പൊലീസ്ചോദ്യം ചെയ്യുമെന്നാണ് സൂചന.
അമിക്കസ് ക്യൂറി മൊഴി എടുത്തു
തൃക്കാക്കരയിലെ നായ്ക്കളുടെ കൂട്ടക്കൊലക്കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പ്രതികളിൽ നിന്നും മൊഴിയെടുത്തു.