# പ്രതിഷേധവുമായി യു.ഡി.എഫിലെ ഒരുവിഭാഗവും

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഇന്ന് നടക്കുന്ന ഓൺലൈൻ കൗൺസിൽ യോഗത്തിൽനിന്ന് എൽ.ഡി.എഫും വിട്ടുനിൽക്കും. അടിക്കടി ഓൺലൈൻ കൗൺസിൽ യോഗം വിളിക്കുകയും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിപക്ഷത്തെ 18 കൗൺസിലർമാർ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കൗൺസിൽ ഹാളിൽ യോഗം വിളിക്കണമെന്ന് പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മറയാക്കിയാണ് ഭരണസമിതി കൗൺസിൽ യോഗം പലതവണയായി ഓൺലൈനായി വിളിക്കുന്നത്. വലിയ സാമ്പത്തിക ബാദ്ധ്യതയുളള വർക്കുകൾ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന ഓൺലൈൻ കൗൺസിൽ യോഗം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെ കോൺഗ്രസ് എ ഗ്രൂപ്പിലെ ഏഴ് കൗൺസിലർമാർ ചെയർപേഴ്സന് കത്തുനൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നൗഷാദ് പല്ലച്ചി, സോമി റെജി, സ്മിത സണ്ണി, കൗൺസിലർമാരായ വി.ഡി. സുരേഷ്, രാധാമണി പിള്ള, രജനി, ജോസ് കളത്തിൽ എന്നിവർ ഒപ്പിട്ടാണ് ചെയർപേഴ്സന് കൈമാറിയത്. ഇന്നലെ നടന്ന പാർലിമെന്ററി പാർട്ടി യോഗത്തിൽനിന്ന് എ ഗ്രൂപ്പ് കൗൺസിലർമാർ വിട്ടുനിന്നു.