joji

കൊച്ചി: ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടുമുറ്റത്തിട്ട് കുത്തിക്കൊന്നു. മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി (22) ആണ് മരിച്ചത്. ജോജിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ മത്തായിയെ (55) എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചുപേർ ജോജിയുമായി വീട്ടുമുറ്റത്തുവച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോജിയുടെ നെഞ്ചിലും കഴുത്തിലുമാണ് കുത്തേറ്റത്. മത്തായിയുടെ കാലിലാണ് പരിക്ക്. രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോജി മരിച്ചു.

ആക്രമണത്തിനുശേഷം രക്ഷപ്പെട്ട സംഘം ഒരു ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. മുളന്തുരുത്തി പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തു. ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വിൽപ്പനയും കൊലപാതകശ്രമവുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോജിയെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവാണ് ജോജിയുടെ അമ്മ. സഹോദരൻ: മാർക്കോസ്.