കൊച്ചി: റെയിൽവെയുടെ വാഗ്ദാനം പാഴ്‌വാക്കായി. എറണാകുളം - ആലപ്പുഴ റെയിൽ പാത ഇരട്ടിപ്പിക്കൽ അനിശ്ചിതാവസ്ഥയിൽ . ആലപ്പുഴ വഴിയുള്ള അമ്പലപ്പുഴ -തുറവൂർ, തുറവൂർ-കുമ്പളം, കുമ്പളം-എറണാകുളം എന്നീ മൂന്ന് റീച്ചുകളിലെ 69 കിലോമീറ്റർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ ദീർഘകാലമായി മുടങ്ങിക്കിടക്കുകയാണ്. ഭൂമിക്ക് മറ്റു പ്രദേശങ്ങളെക്കാൾ ഉയർന്ന വിലയുള്ളതിനാൽ ഈ പ്രദേശത്തെ ഭൂമി ഏറ്റെടുക്കൽ അധികബാദ്ധ്യത വരുത്തുമെന്നായിരുന്നു റെയിൽവെയുടെ അവകാശവാദം. ഭൂമിവിലയുടെ 50 ശതമാനം സംസ്ഥാനസർക്കാർ നൽകുകയാണെങ്കിൽ ഇരട്ടിപ്പിക്കൽ നടത്താമെന്നും റെയിൽവേ നിലപാട് സ്വീകരിച്ചു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും റെയിൽവെ സ്വന്തം ചെലവിൽ വികസനം പൂർത്തിയാക്കണമെന്ന നിലപാടിൽ കേരളം ഉറച്ചുനിന്നു. അതോടെ പാത ഇരട്ടിപ്പിക്കൽ റെയിൽവെ നിർത്തിവച്ചു.

എങ്കിലും കേരളം പ്രതീക്ഷ കൈവിട്ടില്ല.

 പിടിവാശിയോടെ റെയിൽവെ

കേരളം സഹകരിച്ചില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള വികസന പദ്ധതികൾ ഉപേക്ഷിക്കുമെന്നു 2018 ൽ റെയിൽവെ മുന്നറിയിപ്പ് നൽകി. വിവിധ പദ്ധതികളുടെ സ്ഥലമെടുപ്പു പൂർത്തിയാക്കാത്ത കേരളം, പദ്ധതി ചെലവിൽ ഭാഗിക പങ്കാളിത്തം ഏറ്റെടുക്കുന്നതിനു വിസമ്മതിക്കുന്നുവെന്നും ഉയർന്ന ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി

കേരളത്തിന്റെ നിസഹകരണത്തിനു പുറമേ ജീവനക്കാരുടെ കുറവും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ തീരദേശ പാതയിൽ കുമ്പളം–എറണാകുളം ഭാഗത്തെ ഇരട്ടിപ്പിക്കൽ, ഗുരുവായൂർ–തിരുനാവായ പാത, ശബരി പാത എന്നിവ ഉപേക്ഷിക്കേണ്ടി വരുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിനെ അറിയിച്ചു.

 സമ്മർദ്ദം ഫലംകണ്ടു

പാത ഇരട്ടിപ്പിക്കലിന് പണം അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി സംസ്ഥാനം കേന്ദ്രസർക്കാരിൽ സമ്മർദ്ദം തുടർന്നു. ഇതിന് ഫലമുണ്ടായി. എറണാകുളം - അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന് 2020 ൽ റെയിൽവെ പച്ചക്കൊടി കാട്ടി. തീരുമാനത്തെ സംസ്ഥാനം ആഹ്ളാദത്തോടെ സ്വാഗതം ചെയ്തു. നിർമ്മാണപ്രവർത്തനങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കായംകുളം-കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കൽ 2021 ഡിസംബറോടെ പൂർത്തിയാക്കുമെന്നും മുൻ മന്ത്രി ജി. സുധാകരൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. എന്നാൽ അധികംവൈകാതെ കൊവിഡിന്റെ വരവായി. ട്രെയിനുകൾ ഓട്ടം നിർത്തി.പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെ എല്ലാ പദ്ധതികളും നിശ്ചലമായി.

 പ്രതീക്ഷയ്ക്ക് വഴി തെളിയുന്നു

എറണാകുളം -കുമ്പളം ,കുമ്പളം -തുറവൂർ പാത ഇരട്ടിപ്പിക്കലിന് മുന്നോടിയായി ആവശ്യമായ ഭൂമി എത്രയുംവേഗം ഏറ്റെടുത്തു നൽകണമെന്ന് റെയിൽവെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഓൺലൈനായി നടന്ന യോഗത്തിൽ സതേൺ റെയിൽവെ ജനറൽ മാനേജർ ജോൺ തോമസ് ചീഫ് സെക്രട്ടറി വി.പി.ജോയിയെ ഇക്കാര്യം അറിയിച്ചതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു