കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ കുറവ് മൂലമുണ്ടായ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ഹൗസ് സർജന്മാരുടെ സേവന കാലാവധി മൂന്നുമാസത്തേയ്ക്ക് നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. മെഡിക്കൽ കോളേജിലെ 2015 ബാച്ചിന്റെ ഹൗസ് സർജൻസി കാലാവധി നീട്ടി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി നീട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഉൾപ്പെടെ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

കൊവിഡ് ചികിത്സമാത്രം നൽകിയിരുന്ന കളമശേരിയിലെ മെഡിക്കൽ കോളേജിൽ ഇതരരോഗങ്ങൾക്കും ചികിത്സ ആരംഭിച്ചിരുന്നു. കിടത്തിചികിത്സ ആരംഭിച്ചെങ്കിലും ഡോക്ടർമാരുടെ കുറവുമൂലം എണ്ണം കുറച്ചിരുന്നു. അവസാനവർഷ എം.ബി.ബി.എസ് കഴിഞ്ഞവരാണ് ജൂനിയർ ഡോക്ടർമാരായി ഹൗസ് സർജൻസിയിൽ പ്രവർത്തിച്ചത്. ഹൗസ് സർജൻസി കാലവധി കഴിഞ്ഞ് ഇവർ പിരിഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിലവിലെ അവസാനവർഷ വിദ്യാർത്ഥികൾ പരീക്ഷകഴിഞ്ഞ് ഹൗസ് സർജൻസിക്കെത്താൻ രണ്ടുമാസം വേണ്ടിവരും.

നിലവിലുണ്ടായിരുന്ന ബാച്ചിന്റെ ഹൗസ് സർജൻസി അവസാനിച്ചതോടെ രോഗികളെ ദൈനംദിനം നോക്കുന്നതിന് ജൂനിയർ ഡോക്‌ടർമാരുടെ കുറവുണ്ടായി. ഹൗസ് സർജന്മാരെ ഉപയോഗിച്ചാണ് സംസ്ഥാനത്തെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളും രോഗികളെ പരിശോധിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളിൽ ബിരുദാനന്തര വിദ്യാർത്ഥികളെയും ഉപയോഗിക്കുന്നുണ്ട്. പി.ജി കോഴ്സുകൾ കുറവായതിനാൽ എറണാകുളത്ത് ഡോക്ടർമാർ കുറഞ്ഞു. തുടർന്നാണ് കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറച്ചത്. നിലവിലെ ഹൗസ് സർജന്മാരുടെ കാലാവധി നേരത്തെതന്നെ നീട്ടിയിരുന്നെങ്കിൽ പ്രതിസന്ധി വരില്ലായിരുന്നെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.