കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഗണിക്കുന്ന സംസ്ഥാന പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. പെരുമ്പാവൂർ വെങ്ങോല സ്വദേശിയും റോഡ് ആക്‌സിഡന്റ് ഫോറം ഉപദേശക സമിതിയംഗവുമായ ജാഫർഖാൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജി ആഗസ്റ്റ് ഒമ്പതിനു പരിഗണിക്കാൻ മാറ്റി. സർക്കാർ നിലപാടു വ്യക്തമാക്കി വിശദീകരണ പത്രികയോ സത്യവാങ്മൂലമോ സമർപ്പിക്കാനാണ് നിർദ്ദേശം. പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റിയിൽ ലഭിക്കുന്ന പരാതികളിൽ ശരിയായ അന്വേഷണം നടത്താൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ വേണമെന്ന് വിലയിരുത്തി സർക്കാർ നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ നിയമനം ഉണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ പരാതി. പൊലീസ് പീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമനം വൈകുന്നത് നീതി നിഷേധമാണെന്നും ഹർജിയിൽ പറയുന്നു.