കൊച്ചി: ടി.പി. പീതാംബരൻ അനുകൂലികളെ ഒതുക്കിയും എ.കെ. ശശീന്ദ്രൻ വിഭാഗത്തെ ഒപ്പം കൂട്ടിയും സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ എൻ.സി.പിയെ റാഞ്ചിയതായി ആരോപിച്ച് പാർട്ടിയിൽ കലഹം മുറുകുന്നു. പഴയ പ്രവർത്തകരെയും നേതാക്കളെയും അവഗണിച്ച്, പുതുതായി പാർട്ടിയിലെത്തിയവർക്ക് അമിതപ്രാധാന്യം നൽകുന്നതായാണ് പരാതി. ചാക്കോയുടെ നടപടികളിൽ പ്രതിഷേധിച്ച് എറണാകുളം ബ്ളോക്ക് പ്രസിഡന്റ് രാജിവച്ചു.

കോൺഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോയെ മാസങ്ങൾക്കകം സംസ്ഥാന പ്രസിഡന്റായി നിയമിച്ചതു മുതൽ ഒരുവിഭാഗത്തിന് പരിഭവമുണ്ടായിരുന്നു. ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി ചാക്കോയ്ക്കുള്ള വ്യക്തിബന്ധം മൂലം പരാതിപ്പെടാൻ ആരും തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ ചാക്കോ പാർട്ടിയെ റാഞ്ചിയെന്നാണ് പരാതി. മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി. പീതാംബരനായിരുന്നു മുമ്പ് പാർട്ടിയിലെ അധികാരകേന്ദ്രം. മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവരെ ഒപ്പംകൂട്ടിയാണ് ചാക്കോ പാർട്ടിയുടെ ചുക്കാൻ കൈയിലാക്കിയതെന്ന് പീതാംബരൻ അനുകൂലികൾ ആരോപിക്കുന്നു. കോൺഗ്രസ് വിട്ടെത്തിയ ലതിക സുഭാഷ്, പി. സുരേഷ്ബാബു തു‌ടങ്ങിയവർക്ക് അമിതപ്രാധാന്യം നൽകി. വർഷങ്ങളായി പാർട്ടിയിൽ തുടരുന്നവരെ അവഗണിക്കുകയും ചെയ്തെന്ന് ഒരുവിഭാഗം പറയുന്നു.

പാർട്ടിയുടെ ഏക മന്ത്രിയായ എ.കെ. ശശീന്ദ്രനെ നിയന്ത്രിക്കാനും നീക്കം തുടങ്ങി. ചാക്കോയുടെ വിശ്വസ്തരായ രണ്ടുപേരെ മന്ത്രിയുടെ സ്റ്റാഫിൽ നിയോഗിച്ചു. ഇവരിലൂടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. പി.സി. ചാക്കോ ഏകാധിപതിയായി പ്രവർത്തിക്കുന്നെന്ന് പാർട്ടി വേദികളിൽ ഉന്നയിക്കാനും ദേശീയ നേതൃത്വത്തിന് പരാതി നൽകാനും നീക്കം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലേക്ക് കൂടുതൽപേരെ കോൺഗ്രസിൽ നിന്നുൾപ്പെടെ കൊണ്ടുവരുമെന്ന് ചാക്കോ അറിയിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല. കോൺഗ്രസ് പുറത്താക്കിയവർ മാത്രമാണ് വന്നതെന്ന് ആരോപണമുന്നയിക്കുന്നവർ പറയുന്നു.

രാജിവച്ച് ബ്ളോക്ക് പ്രസിഡന്റ്

പി.സി. ചാക്കോയോടുള്ള പ്രതിഷേധത്തിന്റെ തെളിവാണ് എറണാകുളം ബ്ളോക്ക് പ്രസിഡന്റ് വി. രാംകുമാറിന്റെ രാജി. പ്രവർത്തകരെ ചാക്കോ വേട്ടയാടുകയാണെന്ന് രാംകുമാർ രാജിക്കത്തിൽ ആരോപിച്ചു. കോൺഗ്രസിലായിരിക്കെ നടത്തിയ അഴിമതിയും സാമ്പത്തിക ഇടപാടുകളും എൻ.സി.പിയിലും നടത്താനാണ് ശ്രമം. അതിനായി ഇഷ്ടക്കാരെയും കൂട്ടാളികളെയും പാർട്ടിയിൽ തിരുകിക്കയറ്റി പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. എൻ.സി.പി പ്രവർത്തകരെ പുറത്താക്കുകയാണ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് രാംകുമാർ പറഞ്ഞു.