മൂവാറ്റുപുഴ: നഗരസഭയിലെ ഒന്നാം വാർഡിൽ സ്നേഹഭവനെന്ന അഗതിമന്ദിരത്തിന് സമീപത്തേക്ക് ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് വരുന്നുണ്ടെന്ന അഭ്യൂഹത്തിന് ശാശ്വത പരിഹാരവുമായി സ്ഥലമുടമയും സ്നേഹഭവൻ ട്രസ്റ്റിയുമായ സി.കെ.ഷാജി (ലൈഫ് ഇന്ത്യ) നേരിട്ടെത്തി പ്രശ്നം പരിഹരിച്ചു.
വെള്ളൂർക്കുന്നത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മദ്യവില്പനശാല പുളിഞ്ചുവട് ഭാഗത്തേക്ക് വരുന്നു എന്ന രീതിയിൽ വാർത്ത വരികയും തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മുൻ വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായിരുന്ന പി.കെ.ബാബുരാജ് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ സ്ഥലമുടമ നേരിട്ടെത്തി നിജസ്ഥിതി വെളിപ്പെടുത്തി. യോഗത്തിൽ വാർഡ് കൗൺസിലർമാരായ മീരാകൃഷ്ണൻ, സുധാ രഘുനാഥ്, കെ.കെ.സുബൈർ, പായിപ്ര പഞ്ചായത്തംഗം സാജിത മുഹമ്മദാലി, നഗരസഭാ മുൻ ചെയർപേഴ്സൺ മേരിജോർജ് തോട്ടം, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ നൗഷാദ് പ്ലാമൂട്ടിൽ, ശ്രീരാജ്, ബെന്നി ജോയി, ജമാഅത്ത് ഭാരവാഹി അഷ്റഫ് കാടികുളം, ക്ഷേത്ര കമ്മിറ്റിയംഗം ശിവശങ്കരൻ, റസാഖ് പടിഞ്ഞാറേചാലിൽ എന്നിവർ പങ്കെടുത്തു.