കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡി. കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്ന് എ. രാജയെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച എ. രാജ 7848 വോട്ടുകൾക്കാണ് കുമാറിനെ പരാജയപ്പെടുത്തിയത്. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതിസർട്ടിഫിക്കറ്റ് നേടിയാണ് രാജ മത്സരിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ക്രൈസ്തവ സഭാംഗങ്ങളായ ആന്റണിയുടെയും എസ്തറിന്റെയും മകനായ രാജ പട്ടികജാതിക്കാരനല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ക്രിസ്തുമത വിശ്വാസികളാണെന്നും ഹർജിയിൽ പറയുന്നു. ഇൗ വസ്തുതകൾ മറച്ചുവെച്ച് വ്യാജ ജാതിസർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് രാജ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ആ നിലയ്ക്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.