കളമശേരി: ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ഏലൂർ ടൈം ഗേറ്റിൽ നടത്തിയ സമരം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സ്ഥിരസ്വഭാവമുള്ള ജോലികൾ ഏജൻസിക്ക് നൽകാനുള്ള മാനേജ്മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം. ദീർഘകാലമായി ഫാക്ടിൽ പണിയെടുക്കുന്ന കൺസ്ട്രക്ഷൻ, കാഷ്വൽ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് യൂണിയൻ ആരോപിക്കുന്നത്. സർവീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് മുൻഗണന വേണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജില്ലാ ജോ. സെക്രട്ടറി മുജീബ് റഹ്മാൻ, നഗരസഭാ ചെയർമാൻ എ .ഡി .സുജിൽ, ഏരിയാ സെക്രട്ടറി കെ.ബി.വർഗീസ്, കെ.ബി.സുലൈമാൻ, ടി.വി.ശ്യാമളൻ, എം.എം. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.