കൊച്ചി: വിദ്യാർത്ഥികൾ സ്വന്തം പഞ്ചായത്തിലോ നഗരസഭയിലോ ഉള്ള ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചാൽ രണ്ട് ബോണസ് പോയിന്റ് നൽകുമെന്ന വ്യവസ്ഥയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് പയ്യോളി സ്വദേശികളും വിദ്യാർത്ഥികളുമായ സെൻഹ ഫാത്തിമ, മുഹമ്മദ് ലസിം എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജി ആഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കും. ഇത്തരത്തിൽ ബോണസ് പോയിന്റ് നൽകുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ നിഷേധമാണെന്ന് ഹർജിക്കാർ പറയുന്നു. പത്താം ക്ളാസ് വരെ പഠിച്ച ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തിക്കോടി പഞ്ചായത്തിലും തങ്ങൾ താമസിക്കുന്നത് പയ്യോളി നഗരസഭയിലുമായതിനാൽ ബോണസ് പോയിന്റ് നഷ്ടമാകുമെന്നാണ് ഹർജിക്കാരുടെ പരാതി.