കൊച്ചി: വിദ്യാഭ്യാസ പ്രബുദ്ധതയുള്ള കേരളത്തിൽ സ്ത്രീ പീഡനങ്ങൾ വർദ്ധിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷ കേരളത്തിൽ വാക്കിൽമാത്രം ഒതുങ്ങുകയാണ്. അതിക്രമങ്ങൾ സംഭവിക്കുമ്പോൾമാത്രം ഉണർന്ന് പ്രവർത്തിക്കുന്ന ഭരണകർത്താക്കളുടെ സ്ത്രീസ്നേഹം കാപട്യം മാത്രമാണ്. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക, വനിതാ കമ്മീഷൻ പ്രവർത്തനം കാര്യക്ഷമമാക്കുക, കേന്ദ്രസർക്കാർ നടപ്പിലാക്കിയ സ്ത്രീരക്ഷയ്ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ സുജിത് പള്ളുരുത്തി, രഞ്ജിത്ത്‌രാജ്, സുനിൽ ദത്ത്, കെ.ഡി. ഗോപാലകൃഷ്ണൻ, സുരേഷ്ലാൽ, വി.എസ്. രാജേന്ദ്രൻ, മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ. രമിത, മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് മിനി കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് സ്വാഗതവും സിന്ധു അർജുൻ നന്ദിയും പറഞ്ഞു.