dipan
പൊലീസ് അന്വേഷിക്കുന്ന ദിപൻകുമാർ

കോലഞ്ചേരി: പൂതൃക്കയിൽ സിമന്റ് ടൈൽ നിർമ്മിക്കുന്ന സ്ഥാപനത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മണലിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന പശ്ചിമ ബംഗാൾ സ്വദേശി ദിപൻ കുമാർ ദാസിനായി തമിഴ്നാട്ടിൽ അന്വേഷണം തുടങ്ങി. അസാം സ്വദേശിയായ രാജാദാസാണ് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടത്. രണ്ട് മാസമായി രാജാദാസിനൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്ന ദിപൻ കുമാർ സംഭവശേഷം ഒളിവിലാണ്. ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫാണ്. തമിഴ്നാട്ടിലെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അങ്ങോട്ട് തിരിച്ചു.

തിങ്കളാഴ്ച പുലർച്ചെ രാജാദാസ് ഉറങ്ങിക്കിടക്കുമ്പോൾ മമ്മട്ടി കൊണ്ട് തലയുടെ പിന്നിൽ ശക്തമായി അടിച്ചാണ് കൊല നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. രണ്ടു പേർക്കും കഴിഞ്ഞ ശനിയാഴ്ച 3,000 രൂപ വീതം ഫാക്ടറി ഉടമ നൽകിയിരുന്നു. കൊല്ലപ്പെട്ട രാജാദാസിന്റെ കയ്യിലുണ്ടായിരുന്ന പണം കണ്ടെടുക്കാനായില്ല. ഇത് ദിപിൻ കുമാർ മോഷ്ടിച്ചതായാണ് സൂചന.

മൃതദേഹം ഇന്ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. രാജാദാസിന്റെ സഹോദരൻ ഹേമന്ദ് ദാസും ബന്ധുക്കളും വിവരമറിഞ്ഞ് നാട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന് പുത്തൻകുരിശ് ഡിവൈ.എസ്.പി ജി.അജയനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസുമിറക്കി.