ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ചയില്ലെന്നും മറിച്ചുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ പറഞ്ഞു. പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലെ രോഗവ്യാപനം മറയ്ക്കാനാണ് രാഷ്ട്രീയപ്രേരിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു. ഭരണസമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. രോഗികൾക്കായി ഡി.സി.സി സെന്ററും കമ്മ്യൂണിറ്റി കിച്ചൻ തുറന്നതും മികച്ച മാതൃകയാണ്.

15ലക്ഷം രൂപ രോഗപ്രതിരോധത്തിന് മാറ്റി വച്ചിട്ടുണ്ട്. 13000 ത്തിൽ അധികം വാക്‌സിനേഷൻ നൽകി. പട്ടികജാതി കോളനികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഹെൽത്ത് സെന്റർ, സഹകരണ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ പ്രത്യേകം ക്രമീകരണമുണ്ട്. ടി.പി.ആർ നിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളേയും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കാനും വാക്‌സിനേഷൻ എടുക്കാൻ വരുന്നവരെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.