കളമശേരി: എക്‌സ്റേയിൽ കാണാൻ കഴിയുന്ന ജൈവ ശസ്ത്രക്രിയാ നൂൽ വികസിപ്പിച്ചെടുത്ത് കുസാറ്റ് ഗവേഷക സംഘം. ശസ്ത്രക്രിയാനന്തര നിരീക്ഷണത്തിനും പരിചരണത്തിനും ഏറെ സഹായകമായ ഈ കണ്ടുപിടിത്തം ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും. കുസാറ്റ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിലെ ഡോ. ജി.എസ്. ഷൈലജയുടെ മേൽനോട്ടത്തിൽ സ്‌നേഹ കെ. രാമനാഥനാണ് നൂൽ വികസിപ്പിച്ചത്. പ്രകൃതിദത്തവും സമൃദ്ധവുമായ ചണക്കെെത (അഗാവേ സിസിലാന) എന്ന സെല്ലുലോസ് സമ്പുഷ്ടമായ സസ്യത്തിന്റെ ഇലകളിലെ നാരുകളിൽ നിന്നാണ് നൂൽ ഉത്പാദിപ്പിക്കുന്നത്. ശരീരത്തിന് ഹാനികരമല്ലാത്തതും ആഗിരണം ചെയ്യാൻ സാധിക്കുന്നതുമായ ഈ നൂലിന് ആന്റിബയോട്ടിക് മരുന്നുകൾ സംഭരിക്കാൻ ശേഷിയുള്ളതിനാൽ ബാക്ടീരിയകളുടെ ആക്രമണത്തെ ചെറുക്കും. വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നാൽ മുറിവ് എവിടെയെന്ന് കൃത്യമായി തിരിച്ചറിയാൻ ഈ നൂൽ സഹായിക്കും. കണ്ടുപിടിത്തതിന് പേറ്റന്റ് ലഭിക്കുന്നതും കാത്തിരിക്കുകയാണ് കുസാറ്റ് ഗവേഷണ സംഘം.