കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ദ്വീപ് സന്ദർശനം മൂലം രോഗികൾക്ക് ഹെലികോപ്റ്റർ ആംബുലൻസ് കിട്ടാൻ വൈകിയെന്ന് ആക്ഷേപം. എമർജൻസി ഹെലി ആംബുലൻസ് കിൽത്താനിലേക്ക് അയയ്‌ക്കണമെന്നാവശ്യപ്പെട്ട് കിൽത്താൻ ദ്വീപിലെ മെഡിക്കൽ ഓഫീസർ കഴിഞ്ഞ രണ്ടു ദിവസവും മേലുദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റർ ദ്വീപിൽ എത്തുന്നതുകൊണ്ട് ഹെലി ആംബുലൻസ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് വേണ്ടി ചാർട്ട് ചെയ്തിരിക്കുകയാണെന്നും ഉടനെ കൊച്ചിയിലുള്ള ഹെലി ആംബുലൻസ് വരുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഒരു രോഗിയെ കപ്പൽ മാർഗം കൊച്ചിയിൽ എത്തിക്കേണ്ടി വന്നു. പ്രസവ സംബന്ധമായി കൊച്ചിയിലേക്ക് എത്തിക്കേണ്ട രോഗിയെയും അഗത്തിയിലേക്ക് കൊണ്ടുപോകേണ്ട രോഗിയെയും വൈകിയാണ് ആശുപത്രികളിൽ എത്തിച്ചതെന്നും പരാതിയുണ്ട്.