കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ 187.75 കോടി രൂപയുടെ അഞ്ച് കുടിവെള്ള പദ്ധതികൾക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം.എൽ. എ അറിയിച്ചു.നെല്ലിക്കുഴി പഞ്ചായത്തിലും കോതമംഗലം മുൻസിപ്പാലിറ്റിയിലുമായി നടപ്പിലാക്കുന്ന നെല്ലിക്കുഴി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 8323 പുതിയ കണക്ഷൻ ലഭ്യമാക്കും. അതോടൊപ്പം പഴയ കണക്ഷനുകൾ വിപുലീകരിക്കും.9 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള നിലവിലെ ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം 8 ദശലക്ഷം കപ്പാസിറ്റിയുള്ള പുതിയ പ്ലാന്റ് നിർമ്മിക്കും.നാലിടങ്ങളിൽ പുതിയ ടാങ്കുകൾ നിർമിച്ച് വിതരണ ശൃംഖല വിപുലമാക്കി കുടിവെള്ളമെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.പല്ലാരിമംഗലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി 3561 പുതിയ കണക്ഷൻ ലഭ്യമാക്കും. നിലവിലുള്ള കണക്ഷൻ വിപുലീകരിക്കും.പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും കിണറും സ്ഥാപിക്കും.പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതോടൊപ്പം നിലവിലുള്ള ടാങ്കിലേക്ക് കൂടുതൽ വെള്ളമെത്തിച്ചും കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലാണ് പദ്ധതി.കവളങ്ങാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 4287 പുതിയ കണക്ഷൻ ലഭ്യമാക്കും. നിലവിലുള്ള കണക്ഷൻ വിപുലമാക്കും.3.55 ദശലക്ഷം കപ്പാസിറ്റിയുള്ള പുതിയ ടീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും,വില്ലാഞ്ചിറയിലും, കൊട്ടാര മുടിയിലും നിലവിലുള്ള ടാങ്കിനോട് ചേർന്ന് രണ്ട് ലക്ഷം കപ്പാസിറ്റിയുള്ള രണ്ട് പുതിയ ടാങ്കുകൾ നിർമ്മിക്കും.പമ്പിംഗ് ലൈൻ പുതുക്കി വിപുലമാക്കിയും, പമ്പ് സെറ്റുകൾ മാറ്റിയും,പമ്പിംഗ് ലൈൻ വിപുലമാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.കീരംപാറ കാള കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2265 പുതിയ കണക്ഷനുകളാണ് ലഭ്യമാക്കുന്നത്.പഴയ കണക്ഷനുകൾ വിപുലീകരിക്കും.പുന്നേക്കാട് ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേർന്ന് 6 ലക്ഷം ലിറ്ററിന്റെയും,2 ലക്ഷം ലിറ്ററിന്റേയും പുതിയ ടാങ്കുകൾ സ്ഥാപിക്കും. ഇതോടൊപ്പം വിതരണ ശൃംഖല വിപുലീകരിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2548 പുതിയ കണക്ഷനുകൾ ലഭ്യമാക്കും.ഒരു ലക്ഷം ലിറ്ററിന്റേയും, അൻപതിനായിരം ലിറ്ററിന്റേയും രണ്ട് ടാങ്കുകൾ പുതുതായി സ്ഥാപിച്ചു വിതരണ ശൃംഖല വിപുലമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗീകാരം ലഭ്യമായ പദ്ധതികളുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
നെല്ലിക്കുഴി കുടിവെള്ള പദ്ധതി - 83.10 കോടി,
പല്ലാരിമംഗലം കുടിവെള്ള പദ്ധതി - 42.19,
കവളങ്ങാട് കുടിവെള്ള പദ്ധതി - 31.54 കോടി,
കീരംപാറ കാളകടവ് കുടിവെള്ള പദ്ധതി - 22.62,
കോട്ടപ്പടി കുടിവെള്ള പദ്ധതി - 8.30 കോടി