പറവൂർ: പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ഉപവാസം നടത്തി. പൊതുഗതാഗതം സംരക്ഷിക്കുക,ലോക്ക് ഡൗൺ തീരും വരെ റോഡ് ടാക്സ് ഒഴിവാക്കുക, പൊതുഗതാഗതത്തിന് ആവശ്യമായ ഡീസൽ സബ്സിഡി അനുവദിക്കുക, ചെലവിന് ആനുപാതിക വരുമാനം വർദ്ധിപ്പിക്കുക, പൊതുഗതാഗത സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിക്കുക, ബസ് തൊഴിലാളികൾക്ക് സംരക്ഷണ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ ഉപവാസ സമരം നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ബസ് തൊഴിലാളി സംഘടനാ നേതാക്കളായ പറവൂർ ആന്റണി, കെ.സി. രാജീവ്, അസോസിയേഷൻ സെക്രട്ടറി എ.ജെ. ജോസ്, അഗസ്റ്റിൻ മുണ്ടോത്ത് എന്നിവർ സംസാരിച്ചു.