കൊച്ചി: ട്രാൻസ്‌ജെൻഡറുകൾക്ക് ഉപജീവനമാർഗത്തിന് ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌വുമൺ അതിഥി അച്യുത്, സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡംഗം പദ്മജ എസ്. മേനോൻ എന്നിവർ മേയർ അഡ്വ. എം. അനിൽകുമാറിന് നിവേദനം നൽകി. കോർപ്പറേഷനിൽ ദിവസവേതന, പാർടൈം ജോലികൾക്ക് ട്രാൻസ് വിഭാഗത്തെയും ഉൾപ്പെടുത്തുക, കോർപ്പറേഷൻ പരിധിക്കുള്ളിൽ കിയോസ്‌കുകൾ, ഉന്തുവണ്ടികളിലെ ഭക്ഷണശാലകൾ തുടങ്ങിയവയ്ക്ക് ലൈസൻസ് അനുവദിക്കണം. കോർപ്പറേഷനിലെ നിയമനങ്ങളിൽ ട്രാൻസ് വിഭാഗത്തിനും അനുവദിക്കണം. കൊച്ചിയിൽ 250 ഓളംപേരാണ് ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തിനിടയിൽ രണ്ട് പ്രാവശ്യമാണ് ഇവർക്ക് ഭക്ഷ്യക്കിറ്റുകൾ ലഭിച്ചത്. പലർക്കും റേഷൻ കാർഡില്ല. സുരക്ഷിതമായി താമസിക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയിൽ പാർപ്പിടസൗകര്യം നൽകണമെന്നും പ്രോജക്ട് ഓഫീസർ ഡോ. ചിത്ര അജിത്തുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.