house
പ്രതികൾ താമസിച്ചിരുന്ന വീട്

കൊച്ചി: ഒരു യഥാർത്ഥ 500 രൂപ നോട്ട് നൽകിയാൽ പകരം 500ന്റെ മൂന്ന് വ്യാജ നോട്ടുകൾ നൽകുന്നതാണ് പിറവത്തെ വ്യാജനോട്ടടി സംഘത്തിന്റെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ നല്ലൊരു തുക ഇവർ സമ്പാദിച്ചതായാണ് കരുതുന്നത്. വീട്ടുവാടകയായും മറ്റും ഉപയോഗിച്ചത് വ്യാജനോട്ട് മാറ്റിയെടുത്ത പണമാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നല്ലൊരു തുക പ്രതികൾ തമിഴ്നാട്ടിലേക്ക് കടത്തിയാതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് എത്ര രൂപയാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നിൽ ആരെല്ലാമെന്നതടക്കം അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്ത നോട്ടുകൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് പ്രതികൾ നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഇത്തരം കേസുകളിൽ കണ്ടെടുക്കുന്ന നോട്ടുകൾക്ക് ഗുണനിലവാരം തീരെ കുറവായിരിക്കും. പ്രതികൾക്ക് നോട്ട് നിർമ്മാണത്തിന് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് തെളിയിക്കാനായി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നോട്ടുകൾ നിർമ്മിക്കാൻ ആവശ്യമായ സാമഗ്രികളടക്കം 75 വസ്തുക്കളാണ് വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചോ തീവ്രവാദ വിരുദ്ധ സ്ക്വാഡോ ഏറ്റെടുത്തേക്കും. നിലവിൽ കൂത്താട്ടുകുളം പൊലീസാണ് പ്രതികളുടെ അറസ്റ്ര് രേഖപ്പെടുത്തിയിട്ടുള്ളത്.