11
തൃക്കാക്കരയിൽ നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ നഗരസഭാധികൃതർക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗ സ്നേഹികളുടെ പ്രതിഷേധം.

തൃക്കാക്കര: നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ തൃക്കാക്കര നഗരസഭാ അധികൃതർക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. ഉച്ചക്ക് പന്ത്രണ്ടോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മൃഗ സ്‌നേഹികൾ നഗരസഭയ്ക്ക് മുന്നിൽ കണ്ണുകെട്ടി പ്രതിഷേധിക്കുകയായിരുന്നു. മിണ്ടാപ്രാണികളോടുള്ള ക്രൂരത പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നായ്ക്കളെ കൊന്നവരെ അറസ്റ്റുചെയ്‌തെങ്കിലും ഉത്തരവിട്ടവർക്കെതിരേ പൊലീസ് കേസെടുക്കുന്നില്ലെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.

തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സ്ഥലത്ത് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ റീത്ത് വച്ചു. നായ്‌ക്കളുമായാണ് സംഘം പ്രതിഷേധിക്കാൻ എത്തിയത്. സിനു, രതീദേവി, ലക്ഷ്മി, സചിത്ര, സജീവൻ, ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് രഞ്ജിനി ഹരിദാസുൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

# ഹെൽത്ത് ഇൻസ്‌പെക്ടർ ഇന്ന് ഹാജരാകും

തെരുവുനായ്ക്കളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകും. ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാൻ പൊലീസ് രണ്ടുവട്ടം നഗരസഭയിലെത്തിയെങ്കിലും ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകുകയായിരുന്നു. പിന്നീട് ഹെൽത്ത് ഇൻസ്‌പെക്ടറുടെ വാട്സ് ആപ്പിൽ നോട്ടീസ് അയച്ചുകൊടുത്തു.