കൊച്ചി: നാട്ടുകാരോട് മാന്യമായ പെരുമാറ്റം. ചോദിക്കുന്നവരോട് സീരിയൽ നിർമ്മാണത്തിലൊതുക്കിയുള്ള ചെറുസംസാരം. ഒമ്പതു മാസം പിറവം ഇലഞ്ഞി പൈങ്കുറ്റിക്കാർക്ക് യാതൊരു സംശയത്തിനും ഇടവരുത്താതെയാണ് ആറംഗ സംഘം ഇരുനില വാടക വീട്ടിൽ നിർബാധം കള്ളനോട്ടടിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഭക്ഷണസാധങ്ങൾ വാങ്ങാൻ സ്വന്തമായി നിർമ്മിച്ച നോട്ട് വിനിയോഗിച്ചതോടെ കള്ളനോട്ട് സംഘം കുടുക്കിലായി. ഇലഞ്ഞിയിലെ പലചരക്ക് വ്യാപാരിക്ക് തോന്നിയ പന്തികേട് വ്യാജനോട്ടടി മാഫിയയുടെ അടിവേരറുത്തു. വ്യാപാരി നൽകിയ സൂചനപ്രകാരം ഇന്റലിജൻസ് സംഘം പ്രതികളുടെ ഓരോ നീക്കവും നിരീക്ഷിച്ചു.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ലോക്കൽ പൊലീസ് എന്നിവർ പുലർച്ചെ രണ്ടോടെ വീട്ടിലേക്ക് ഇരച്ചെത്തി പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. എറണാകുളം റൂറൽ പൊലീസ് മേധാവി കെ.കാർത്തിക്ക് സ്ഥലത്ത് എത്തിയ ശേഷമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.
50,000 രൂപ അഡ്വാൻസ് നൽകി മധുസൂദനനാണ് വീട് വാടകയ്ക്ക് എടുത്തത്. ഇരുനില വീടിന് 12,500 രൂപയായിരുന്നു വാടക. സീരിയൽ നിർമ്മാണമെന്ന് തോന്നിപ്പിക്കും വിധം ചില ബോർഡുകളും മറ്റും വീട്ടിൽ സ്ഥാപിച്ചു. ആറംഗ സംഘത്തിൽ രണ്ട് പേരെ മാത്രമേ പുറത്തു കണ്ടിട്ടുള്ളൂവെന്ന് സമീപവാസിയായ കുഞ്ഞുമോൻ കേരളകൗമുദിയോട് പറഞ്ഞു.
വാടക അക്കൗണ്ടിലേക്ക് കൃത്യമായി നൽകിയിരുന്നതായി വീട്ടുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് മാസമായി ഇവർ പാൽക്കാരന് പണം നൽകിയിരുന്നില്ല. കൊവിഡിനെ തുടർന്ന് സീരിയൽ ഷൂട്ടിംഗ് മുടങ്ങിയെന്നാണ് കാരണം പറഞ്ഞത്.