തൃക്കാക്കര: നഗരസഭയുടെ സ്വപ്നപദ്ധതിയായ കടമ്പ്രയാർ ടൂറിസം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഒരുകോടിരൂപ ചെലവിൽ കടമ്പ്രയാർ ടൂറിസം പദ്ധതി നടപ്പിലാക്കും. ഇത്തവണത്തെ ഓണാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട് അനുമതിക്കായി സർക്കാരിന് കത്തുനൽകും. അടുത്ത പത്താം തീയതിക്കു മുമ്പായി നഗരസഭയുടെ ഗ്യാസ് ക്രിമറ്റോറിയം തുറന്നുകൊടുക്കും. കാക്കനാട് പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് കച്ചവടക്കാരെ പുനരധിവസിപ്പിക്കും. പുതിയ മാർക്കറ്റ് കെട്ടിടത്തിലെ ഗ്രൗണ്ട് നിലയിൽ ന്യായവില സൂപ്പർമാർക്കറ്റ് ഓണത്തിനുമുമ്പ് പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

നഗര ശുചീകരണത്തിന്റെ ഭാഗമായി 25 സി.എൽ.ആർ തൊഴിലാളികളെ എടുക്കുന്നതിന് അനുമതിക്കായി സർക്കാരിൽ കത്തുനൽകും. വഴിയോര കച്ചവടക്കാരുടെ നിലവിലുള്ള ലിസ്റ്റ് പരിശോധിച്ച് തദ്ദേശവാസികൾക്ക് മുൻഗണനൽകിയും വിട്ടുപോയിട്ടുള്ളവരെ കൂട്ടിച്ചേർക്കും. ഓൺലൈനിൽ നടത്തിയ യോഗത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
പ്രതിപക്ഷത്തെ 18 അംഗങ്ങളും ഭരണപക്ഷത്തെ ഒരു വിഭാഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നു.