കൊച്ചി: കൊച്ചി കപ്പൽശാലയിൽ വ്യാജരേഖ നൽകി ഒന്നരവർഷത്തോളം ജോലിചെയ്ത കേസിൽ പൊലീസ്
കസ്റ്റഡിയിലെടുത്ത അഫ്ഗാൻ പൗരൻ ഈദ്ഗുലിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചോദ്യംചെയ്യൽ നീളുമെന്ന് ഉറപ്പായി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഈദ്ഗുലിനെ (23) പൊലീസ് കസ്റ്റഡിയിൽ കിട്ടിയത്. ഇന്നുമുതൽ വിശദമായി ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാൽ പനിയും മറ്റു ശാരീരിക പ്രശ്‌നങ്ങളുമായതോടെ ഈദ്ഗുലിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഏഴുദിവസം കൂടിയാണ് പ്രതി ഇനി കസ്റ്റഡിയിൽ ഉണ്ടാകുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് തുടർനടപടികൾ സ്വീകരിക്കും. ചോദ്യംചെയ്യലിലൂടെ കേസിൽ കൂടുതൽ വ്യക്തതവരുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. എ.സി.പി. നിസാമുദ്ദീൻ, ഇൻസ്‌പെക്ടർ എം.എസ്. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യാവലിയടക്കമുണ്ടാക്കി അന്വേഷണസംഘം തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘനകളുമായി ബന്ധമുണ്ടോയെന്നതടക്കം ചോദ്യംചെയ്യലിൽ വ്യക്തത വരുത്താനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. 20നാണ് പ്രതിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തത്.