adil

കുട്ടനാട്: ഹൗസ്‌ ബോട്ടിൽ ഉല്ലാസയാത്രയ്‌ക്കെത്തിയ സംഘത്തിലെ ബിരുദ വിദ്യാർത്ഥിയെ പമ്പയാറ്റിൽ കുളിക്കുന്നതിനിടെ കാണാതായി. ആലുവ വടക്ക് കടുങ്ങല്ലൂർ അമ്പക്കുടി അൻസാർ - ഖൻസീറ ദമ്പതികളുടെ മകനും എടത്തല എം.ഇ.എസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ ആദിലിനെയാണ് (മനു, 22) കാണാതായത്.

മുന്നുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. .

ഇന്നലെ വൈകിട്ട് അഞ്ചോടെ കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. കായൽ സവാരിക്ക് ശേഷം കൈനകരിയിലെത്തിയ ആദിലും സംഘവും മുണ്ടയ്ക്കൽ പാലത്തിന് സമീപത്തെ കടവിൽ ഹൗസ് ബോട്ട് അടുപ്പിച്ചു. ഇതിനിടെ കുളിക്കാനിറങ്ങിയ ആദിലിനെ വെള്ളത്തിൽ മുങ്ങി കാണാതാകുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.