കൊച്ചി: ലക്ഷദ്വീപിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ നയങ്ങളിൽ തിരുത്തേണ്ടവ തിരുത്തുമെന്നും അല്ലാത്തവയുമായി മുന്നോട്ടുപോകുമെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരവാഹികളുടെ ആവശ്യങ്ങൾ പഠിച്ചശേഷം നടപടിയെടുക്കും.
താൻ നല്ല ഉദ്ദേശത്തോടെയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചത്. എന്നാൽ മാദ്ധ്യമങ്ങൾവഴി തനിക്കെതിരായ വാർത്തകളാണ് വന്നത്. അതിൽ വിഷമമുണ്ട്. എന്നാൽ അവ താൻ കാര്യമായെടുക്കുന്നില്ല. ദ്വീപിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കരട് നിയമനടപടികൾ ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതാണല്ലോ എന്നും അദ്ദേഹം ഭാരവാഹികളോട് പറഞ്ഞു. ബേപ്പൂർവഴി ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം പൂർവസ്ഥിതിയിൽ തന്നെ തുടരും. സ്കൂളുകൾ തുറക്കുന്ന കാര്യം ദുരന്തനിവാരണ അതോറിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ദ്വീപിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹായം വേണം.
വികസനങ്ങൾ ജനാധിപത്യപരമായി വേണമെന്ന് ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററോട് പറഞ്ഞു. ഇതിന് ശ്രമിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. ദ്വീപിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനായി നോട്ടീസ് നൽകിയ കാര്യം പുനരാലോചിക്കും. എന്നാൽ ബോട്ട് ഷെഡുകൾ പൊളിച്ച കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. തനിക്ക് ചില പദ്ധതികൾ ഉണ്ടെന്ന് മാത്രമാണ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകിയത്. ലക്ഷദ്വീപ് ഫോറം നൽകിയ നിവേദനം പഠിച്ചശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. സേവ് ലക്ഷദ്വീഫ് ഫോറം കൺവീനർമാരായ യു.സി.കെ തങ്ങൾ, ഡോ. പൂക്കുഞ്ഞി കോയ, കോഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ്, അംഗങ്ങളായ ഹംദുള്ള സെയ്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസൻ, ലുക്ക്മാൻ ഹക്കീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.