fire-
പാമ്പാക്കുട പള്ളിത്താഴത്തുണ്ടായ തീപിടിത്തം അണയ്ക്കാൻ അഗ്നിശമന സേന ശ്രമിക്കുന്നു.

പിറവം: പാമ്പാക്കുടയിൽ രണ്ട് കടകൾ കത്തി നശിച്ചു. ആളപായമില്ല. പള്ളിത്താഴത്തെ പെട്രോൾ പമ്പിന് എതിർവശം പ്രവർത്തിക്കുന്ന അനു ടയേഴ്സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ അലുമിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലേക്കും തീപടർന്നു. പിറവത്തെയും കൂത്താട്ടുകുളത്തെയും ഫയർഫോഴ്സ് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. രാമമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.

കാഞ്ഞിരംകുഴിയിൽ ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സമീപത്തു പ്രവർത്തിക്കുന്ന ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. അവർ ഉടൻ തൊട്ടടുത്ത് താമസിക്കുന്ന കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് മുകളിലത്തെ നിലയിലുള്ള ജിംനേഷ്യത്തിലേക്ക് തീ പടരാതിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി അനു ടയേഴ്സ് ഉടമ പറഞ്ഞു.