കൊച്ചി: ഫാഷൻ ഡിസൈനറായ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. മൊബൈൽ ഫോണും ഇയാൾ കൈവശം വച്ചിരുന്ന തോക്കും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ക്രൂരമർദ്ദനത്തെത്തുടർന്ന് യുവതിക്കേറ്റ പരിക്കുകൾ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. ഒരുമാസത്തിലേറെയായി ജയിലിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് വി. ഷെർസി ജാമ്യ ഹർജി വിധി പറയാൻ മാറ്റിയത്.