കോലഞ്ചേരി: അരിയുണ്ടെങ്കിൽ മണ്ണെണ്ണയില്ല, മണ്ണെണ്ണയുണ്ടെങ്കിൽ ഗോതമ്പില്ല, ഗോതമ്പുണ്ടെങ്കിൽ ആട്ടയില്ല. എല്ലാമുള്ളപ്പോൾ കിറ്റും വരാറില്ല. റേഷൻ വാങ്ങാൻ കൊവിഡ് കാലത്തും തേരാപ്പാര നടക്കാനാണ് ആളുകളുടെ വിധി. സിവിൽ സപ്ലൈസ് കോർപറേഷൻ ചിട്ടയില്ലാതെ ഭക്ഷ്യസാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് വാങ്ങാനെത്തുന്നവർക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി പരാതി. റേഷൻ വാങ്ങാനെത്തുന്നവർക്ക് അനുവദിച്ചിരിക്കുന്ന മുഴുവൻ സാധനങ്ങളും ഒരുമിച്ച് ലഭിക്കാത്തതാണ് കാരണം. ഒരു ബി.പി.എൽ കാർഡ് ഉടമ റേഷൻ വാങ്ങാൻ മാസം അഞ്ച് തവണ വരെ കടയിലെത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മാസത്തിലെ ആദ്യ പത്താം തീയതി വരെ ഒരു ഐറ്റം പോലും കടക്കാർക്ക് ലഭിക്കാറില്ല. പത്ത് കഴിഞ്ഞാൽ ആദ്യം സംസ്ഥാന സർക്കാരിന്റെ അരി വരും, അതു കഴിഞ്ഞ് കേന്ദ്രത്തിന്റെ, പിന്നെ മണ്ണെണ്ണ, എല്ലാം കഴിയുമ്പോൾ ഗോതമ്പ്, ഒരുവിൽ ആട്ടയും കിറ്റും.

മാസാവസാനത്തോടെ മാത്രമെ കി​റ്റ് എത്തുകയുളളൂ. കാർഡിൽ ഉൾപ്പെട്ടവർ തന്നെ വന്നു സാധനങ്ങൾ വാങ്ങണമെന്നതിനാൽ പ്രായമായവരും സ്ത്രീകളും ഓട്ടോറിക്ഷ വിളിച്ചാണ് പലപ്പോഴും റേഷൻ വാങ്ങാൻ വരിക. കിലോമീ​റ്ററുകൾ അകലെയുള്ളവർ പല തവണ ഓട്ടോ കൂലി നൽകി റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിൽ വരുമ്പോൾ പൊതു മാർക്ക​റ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന തുകയാകുമെന്നും പറയുന്നു. എ.പി.എൽ കാർഡ് ഉടമകളുടെ സ്ഥിതിയും മറിച്ചല്ല. മ​റ്റു റേഷൻ സാധനങ്ങളെല്ലാം വാങ്ങിയവർ ആട്ട മാത്രം വാങ്ങാനായി റേഷൻ കടയിൽ വരാറില്ല. അതിനാൽ വിതരണത്തിന് അനുവദിക്കുന്ന ആട്ട കുറച്ചു മാത്രമാണ് വിറ്റുപോകാറുള്ളതെന്നും പറയുന്നു. ഡിപ്പോയിൽ നിന്നും അരിയും മ​റ്റ് സാധനങ്ങളും റേഷൻ കടയിൽ എത്തിക്കുന്നതിന് ഒപ്പം ആട്ടയും മണ്ണെണ്ണയും കൊണ്ടു വരാൻ നടപടിയുണ്ടാകണമെന്നാണ് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നത്. ഒരേ ആളുകൾ നിരവധി തവണ റേഷൻ കടകളിൽ കയറിയിറങ്ങുന്നത് കടകളിൽ തിരക്ക് വർദ്ധിക്കുന്നതിനും കാരണമാണ്. ഒറ്റ വരവിൽ എല്ലാം ലഭിച്ചാൽ കൊവിഡ് കാലത്തെ തിരക്കുമൊഴിവാക്കാനാകും. ഓരോ പ്രാവശ്യവും ഇ പോസ് മെഷീനിൽ വിരലമർത്തിക്കുന്നത് കടക്കാർക്കും ബുദ്ധിമുട്ടാണ്. ഒന്നര മാസത്തെ റേഷൻ ഒന്നിച്ചനുവദിച്ചാൽ മാസവസാനം കടകളിൽ വരുന്ന കൂട്ടയിടി ഒഴിവാക്കാനാകുമെന്നാണ് കടക്കാർ പറയുന്നത്.