all-unions
ഫാക്ട് ഉദ്യോഗമണ്ഡലിലെ കോർപറേറ്റ് ഓഫീസിനു മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം

കളമശേരി: ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ വിവിധ ഡിവിഷനുകൾക്കുമുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരാർ തൊഴിലാളികൾ പണിമുടക്കി. എല്ലാ ഗേറ്റിനുമുന്നിലും സി.ഐ.എസ്.എഫിനെ കൂടാതെ ശക്തമായ പൊലീസ് കാവലുമുണ്ടായിരുന്നു. ദീർഘകാലമായി അഞ്ഞൂറിലേറെ കരാർ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനത്തിൽ ലേബർസപ്ളൈ സ്വകാര്യ ഏജൻസിയെ ഏല്പിച്ചതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. ഏജൻസിയുടെ പണിക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല. അവരെ കൊണ്ടുവന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായതായും പറയുന്നു. പരാതി തരാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ഇൻസ്പെക്ടർ രാജേഷ് പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഏജൻസിവഴി നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ കരാർ തൊഴിലാളികൾ, കാഷ്വൽ ലേബേഴ്സ് എന്നിവർക്ക് ഇവർ ദോഷകരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നാട്ടുകാരായ തൊഴിലാളികളുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചോദിക്കുന്ന മാനേജ്മെന്റ് ക്രിമിനലുകളെ ജോലിചെയ്യിക്കുന്നതിന് മറുപടി പറയണമെന്ന് ബി.എം.എസ് ലീഡർ ബിനു ആവശ്യപ്പെട്ടു.

കോർപ്പറേറ്റ് ഓഫീസിനുമുന്നിൽ നടന്ന സമരത്തിൽ നഗരസഭാ ചെയർമാനും സി.ഐ.ടി.യു നേതാവുമായ എ.ഡി. സുജിൽ, ഐ.എൻ.ടി.യു.സി മുനിസിപ്പൽ പ്രസിഡന്റ് സനോജ്, ബി.എം.എസ് മേഖലാ പ്രസിഡന്റ് ടി.ആർ. മോഹനൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഷിബു അദ്ധ്യക്ഷത വഹിച്ചു. സി.എ. നാരായണൻകുട്ടി (യു.ടി.യു.സി) ,സലിം (എ.ഐ.ടി.യു.സി), പി.എം. അലി (എസ്.ടി.യു), അജിത് കുമാർ (ഐ.എൻ.എൽ.സി), ബിനു ബ്രി.എം.എസ്), എഡിസൻ (ഐ.എൻ.ടി.യു.സി) എന്നിവർ നേതൃത്വം നൽകി.