പറവൂർ: ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രഭരണം ഭക്തജനങ്ങളെ ഏൽപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ആർ. രമേഷ്‌കുമാർ ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി പറവൂർ താലൂക്ക് കമ്മിറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പറവൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രസ്വത്തുക്കൾ വിൽക്കാനോ പണയപ്പെടുത്താനോ ദേവസ്വംബോർഡിന് അധികാരമില്ലെന്നിരിക്കെ ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങൾ പോലും തൂക്കിവിൽക്കാനുള്ള നീക്കം ക്ഷേത്രവിശ്വാസികളോടുള്ള വെല്ലുവിളിയാണ്. അന്യാധീനപ്പെട്ടുപോയ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുള്ള യാതൊരുനീക്കവും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മദ്രസകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ കൊവിഡ് കാലത്ത് പട്ടിണിയിലായ സ്വകാര്യക്ഷേത്ര ജീവനക്കാരുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്ത പത്തുകോടി രൂപ തിരിച്ചുകൊടുക്കണമെന്ന് കോടതി പറഞ്ഞിട്ടുപോലും കൊടുക്കുന്നില്ല. സർക്കാർ ഖജനാവ് നിറക്കാനുള്ളതല്ല ക്ഷേത്രവരുമാനമെന്ന തിരിച്ചറിവ് ദേവസ്വം ബോർഡുകൾക്ക് ഉണ്ടാകണമെന്നും രമേഷ്‌കുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ ധർണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനസമിതി അംഗം ബിജു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബു, ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ്, പറവൂർ താലൂക്ക് ജനറൽ സെക്രട്ടറി എം.കെ. സജീവ് എന്നിവർ സംസാരിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിവേദനം നൽകി.