കൊച്ചി: എം.ജി സർവകലാശാലയിലെ 2019- 2021 ബാച്ച് എം.ബി.എ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷകളും ഫലപ്രഖ്യാപനവും 10 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് സർവകലാശാല അറിയിച്ചു. 2019ൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. ഫലം അനിശ്ചിതമായി നീളുന്നതായ കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
രണ്ട് സെമസ്റ്റർ പരീക്ഷകളാണ് ഇതുവരെ കഴിഞ്ഞത്. രണ്ടാം സെമസ്റ്ററിന്റെ മൂല്യനിർണയം പൂർത്തിയായി. ജൂണിൽ കോഴ്‌സ് പൂർത്തിയാക്കിയവരുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഫലപ്രഖ്യാപനത്തിനു മുന്നേ അത്യാവശ്യക്കാർക്ക് ഓൺലൈനായി അപേക്ഷിച്ചാൽ കോൺഫിഡൻഷ്യൽ മാർക്ക് ലിസ്റ്റ് നൽകും. സെർവർ തകരാറും പാസ്‌മാർക്ക് റെഗുലേഷനിലെ പ്രശ്‌നങ്ങളുമാണ് ഫലം വൈകാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ എം.എസ്‌സി, എം.സി.എ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോഴ്സ് പൂർത്തിയാക്കിയതിനു പിന്നാലെ ഇവർക്ക് തൊഴിലവസരങ്ങൾ വന്നെങ്കിലും ഫലം പ്രഖ്യാപിക്കാത്തത് തിരിച്ചടിയായിരുന്നു. 2019 നവംബറിൽ പൂർത്തിയാക്കിയ ഒന്നാം സെമസ്റ്ററിന്റെ ഫലമാണ് ഇത്രയും വൈകിയത്. രണ്ടാം സെമസ്റ്റർ പരീക്ഷ നടന്നതാകട്ടെ 2021 ജനുവരിയിലും.
വിഷയത്തിൽ ഒന്നിലേറെത്തവണ വൈസ്ചാൻസലറെ ഉൾപ്പെടെ ബന്ധപ്പെട്ടിരുന്നു. അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാങ്കേതികതയുടെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ല.
ഹൈബി ഈഡൻ എം.പി
വിദ്യാർത്ഥികളുടെ ആശങ്ക മനസിലാക്കുന്നു. സാങ്കേതികമായ പ്രശ്‌നങ്ങൾ മാത്രമാണ് ഫല പ്രഖ്യാപനം വൈകാൻ കാരണം. തുടർനപടികൾ അതിവേഗത്തിലാക്കും. ഇനിയുള്ള പരീക്ഷകൾക്കും ഫലപ്രഖ്യാപനത്തിനും കാലതാമസമുണ്ടാകില്ല.
ശ്രീജിത് മാധവൻ, പരീക്ഷാ കൺട്രോളർ
ഫലപ്രഖ്യാപന നടപടികൾ വേഗത്തിലാക്കാൻ കേരളകൗമുദി വാർത്ത ഏറെ സഹായകമായി. ഒരുപാട് സന്തോഷമുണ്ട്.
ആതിര.വി,വിദ്യാർത്ഥിനി