മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള കൃഷി ഭവനുകളിൽ 1.5 ലക്ഷം പച്ചക്കറി തൈകളും 43000 പായ്ക്കറ്റ് സമ്മിശ്ര പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ചീര, വെണ്ട, പയർ, മുളക്, പടവലം, പാവൽ മുതലായ പച്ചക്കറികളുടെ വിത്തുകളും തൈകളുമാണ് വിതരണം ചെയ്തത്. സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി 8300 നെടിയ ഇനം തെങ്ങിൻ തൈകളും 900 ഹൈബ്രിഡ് ഇനം തെങ്ങിൻ തൈകളും എല്ലാ കൃഷിഭവനുകളിലും വിതരണംചെയ്തു. ഒരു കോടി ഫലവൃക്ഷത്തൈ പദ്ധതിയിൽ 6750- ടിഷ്യു വാഴകളും, 3500-ഗ്രാഫ്ട് ഫലവൃക്ഷത്തൈകളും 5000 ഫലവൃക്ഷത്തൈകളും ബ്ലോക്കിന് കീഴിലുള്ള കൃഷി ഭവനുകൾ വഴി വിതരണം ചെയ്ത് കഴിഞ്ഞു. മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയിൽ നടന്ന പച്ചക്കറി വിത്തുകളുടെയും തെങ്ങ്, ടിഷ്യു വാഴകളുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ് നിർവഹിച്ചു. വാർഡ് മെമ്പർ ഇ.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു.