fg

കൊച്ചി: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ വീഴ്‌ത്താൻ പുതിയ നമ്പറുകളുമായി സംഘങ്ങൾ. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റിന്റെ ഓർഡറുകളുടെ എണ്ണം കൂട്ടി നൽകിയാൽ കമ്മിഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വാട്ട്സാപ്പ് വഴിയാണ് വ്യാജ ഓൺലൈൻ പാർട്ട് ടൈം ജോലിക്കായി ആളെ തേടുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റിന്റെ വില്പനയിൽ ഇടിവ് വന്നുവെന്നും അതിനാൽ വെബ്സൈറ്റിന്റെ റീച്ച് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആളുകളെ പാർട്ട് ടൈം ജോലിക്ക് നിയമിക്കുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പുകാരെത്തുക. വെബ്സൈറ്റിന്റെ പർച്ചേസ് ഓർഡറുകളുടെ എണ്ണം വർദ്ധിപ്പിച്ച് ബിസിനസിൽ പങ്കാളിയാകാമെന്നും ദിവസവും മികച്ച വരുമാനം ഉണ്ടാക്കാമെന്നുമാണ് വാഗ്ദാനം.

200 രൂപയുടെ ഉത്പന്നം തങ്ങളുടെ ഓൺലൈനിലൂടെ വാങ്ങിയാൽ തിരികെ കമ്മിഷനും കൂട്ടി 300 രൂപ നൽകാമെന്നാണ് അറിയിക്കുന്നത്. ഓർഡർ ചെയ്യുന്ന സാധനം കൈകകളിലേക്ക് എത്തില്ല. ഇത് വിർച്വൽ ഓർഡറായാണ് ഉണ്ടാകുക. ഒരു ദിവസം എത്ര രൂപയുടെ സാധനങ്ങൾ വേണമെങ്കിലും ഓർഡർ ചെയ്യാം. മുടക്കുന്ന തുകയ്ക്ക് ആനുപാതികമായി കമ്മിഷൻ വാഗ്ദാനം ചെയ്യും. വെബ്സൈറ്റിന്റെ ദൃശ്യത വളർത്തുന്നത് മാത്രമെന്നാണ് തട്ടിപ്പുകാരുടെ വാദം. ഗൂഗിളിലോ മറ്റ് സെർച്ച് എൻജിനുകളിലോ ഇത്തരം ഒരു വെബ്സൈറ്റ് സെർച്ച് ചെയ്താൽ ലഭിക്കില്ല. വെബ്സൈറ്റ് വൈകാതെ പ്രത്യേക്ഷപ്പെടുമെന്നും, തങ്ങൾ നൽകുന്ന ലിങ്ക് വഴി വെബ്സൈറ്റിൽ കയറി രജിസ്ട്രേഷൻ നടത്തിയാൽ മതിയെന്നുമാണ് തട്ടിപ്പുകാർ പറയുന്നത്.

 തട്ടിപ്പുകാർ പറയുന്ന നടപടികൾ

നിരവധി ആളുകൾ ജോലിക്കായി സമീപിക്കുന്നുണ്ടെന്നും, ഇതിനാൽ വളരെ വേഗം രജിസ്ട്രേഷൻ ചെയ്തില്ലെങ്കിൽ വേക്കൻസി തീരുമെന്നും പറഞ്ഞ് സമ്മർദ്ദം ചെലുത്തിയാണ് തട്ടിപ്പിൽ വീഴ്ത്തുന്നത്.

 ഇത്തരം തട്ടിപ്പു സന്ദേശങ്ങളിൽ ആകൃഷ്ടരായി വീഴരുത്. പണം തട്ടാനുള്ള നമ്പർ മാത്രമാണ് ഇത്തരം ലിങ്കുകൾ.

സിറ്റി സെബർ സെൽ കൊച്ചി