മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ നാളെ മൊബൈൽ ആന്റിജൻ പരിശോധന സംഘടിപ്പിക്കും. ജനങ്ങളുമായി കൂടുതൽ

ഇടപഴകുന്നവരെ രോഗലക്ഷണം ഇല്ലെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കി കൊവിഡ് ബാധിതൻ അല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന വ്യാപിപ്പിക്കുന്നത് എന്ന് ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസറുടെ മൊബൈൽ ടീമാകും പരിശോധനയ്ക്ക് നേതൃത്വം നൽകുക.

വെള്ളിയാഴ്ച രാവിലെ 10ന് നെഹ്റു പാർക്കിൽ നിന്ന് പരിശോധന ആരംഭിക്കും. തുടർന്ന് മാർക്കറ്റ് പരിസരത്തും കാവുങ്കരയിലും പരിശോധന നടക്കും. ഒരു ദിവസം 300 പേരെ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.നഗരത്തിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നടത്തുന്ന പരിശോധനയിൽ മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

ഒരു ദിവസം 300 പേരെ പരിശോധിക്കും
ചുമട്ടുതൊഴിലാളികൾ, ഓട്ടോ- ടാക്സി ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരെ പരിശോധനയ്ക്ക് വിധേയമാക്കും. നഗരത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും പണിയെടുക്കുന്നവരെ പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് മൊബൈൽ ടീം എത്തിയാണ് ആന്റിജൻ പരിശോധന നടത്തുക.