marammuri

കൊച്ചി: അമ്മ മരിച്ചതിനാൽ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് മുട്ടിൽ മരംമുറിക്കേസിലെ മൂന്നു പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വയനാട് വാഴവറ്റ സ്വദേശികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹർജി ജസ്റ്റിസ് കെ. ഹരിപാലാണ് തീർപ്പാക്കിയത്. മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇന്നലെ മൂന്നുപേരെയും അറസ്റ്റ് ചെയ്തെന്നും അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഇവരെ അനുവദിക്കുമെന്നും സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയത്.